gallery/malayalam

പാസ്റ്റർ ആൻസൺ മരാമണ്ണിന്റെ സാക്ഷ്യം 

 ആൻസൺ  ജനിച്ചു  വളർന്നത്   കേരളത്തിൽ മാരാമൺ ഗ്രാമത്തിൽ     മലങ്കര സുറിയാനി  കത്തോലിക്കാ വിശ്വാസത്തിലാണ്. പന്ത്രണ്ടാമത്തെ വയസ്സ് മുതൽ ശുശ്രൂഷകനായി ഇടവക പള്ളിയിൽ  ആല്മീയ ജീവിതം   ആരംഭിച്ച ആൻസൺ ഭക്തനായ  ഒരു മദ്ബഹാ ശുശ്രൂഷകനായും    ഒരു തീവ്രകത്തോലിക്കാ  വിശ്വാസിയായും വളർന്നു.

 

1985 ജനുവരി മുതൽ ഇന്ത്യൻ നേവിയുടെ  ഏവിയേഷനിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 2000 ജനുവരിയിൽ ചീഫ് ആർട്ടിഫയിസർ (ഏവിയോണിക്സ്) ആയി വിരമിച്ചു  സഭാ  പ്രവർത്തനങ്ങളിലും സാമൂഹിക മേഖലയിലും  പ്രവർത്തനനിരതനായി.

 
2005  ആഗസ്ററ് 14  ന്  പ്രഭാതത്തിൽ ദൈവവേലയിലേക്കു  തന്നെ ക്ഷണിക്കുന്ന, മഹത്വവാനായ ക്രിസ്തുയേശുവിന്റെ   ദർശനം അദ്ദേഹത്തിനുണ്ടായി. പക്ഷെ, ആൻസൺ അത് അവഗണിക്കുകയും സഭയിലും സമൂഹത്തിലും തന്റെ സ്ഥാനമാനങ്ങളിൽ പ്രവർത്തനം തുടരുകയും ചെയ്തു. 
 
2007 ഡിസംബറിൽ, ഒരു കമ്പനിയിലെ ഇലക്ട്രോണിക് എഞ്ചിനീയർമാരെ പരിശീലിപ്പിക്കുന്നതിനായി , യുഎ ഇയിലെ അബുദാബിയിലേക്ക് ആൻസൺ നിയോഗിക്കപ്പെട്ടു. 

 

അബുധാബിയിൽ ജോലിയിൽ ആയിരിക്കെ,  2009 ഡിസംബർ 09, ബുധനാഴ്ച  വൈകുന്നേരം, തന്റെ പാപങ്ങളെക്കുറിച്ച് അനുതപിക്കാനും ദൈവത്തിലേക്കു മടങ്ങാനും യേശുവിന്റെ ശബ്ദം കേട്ടു.


എന്നാൽ, താൻ, ആ ആഹ്വാനത്തിന് എതിരായി  പ്രതികരിക്കുകയും കേട്ട ശബ്ദം  അവഗണിക്കുകയും ചെയ്തു. പക്ഷെ, ആ ശബ്ദം തുടർന്നു "അൻസൺ, നിന്റെ  പാപങ്ങൾ നിന്നെ  ദൈവത്തിൽ നിന്ന് അകറ്റിയിരിക്കുന്നു.  നിന്റെ  പാപങ്ങളൊന്നുപോലും  ഇതുവരെ ക്ഷമിക്കപ്പെട്ടിട്ടില്ല. മാനസാന്തരപ്പെട്ട്  ദൈവത്തിലേക്ക് മടങ്ങുക".  തുടർന്ന്, ആ ശബ്ദം കൂടുതൽ ബലപ്പെടുകയും   താൻ   തിരിച്ചറിവ് ആയ കാലം മുതൽ ചെയ്തു കൂട്ടിയ പാപപ്രവർത്തികൾ  ഒരു തിരശീലയിൽ എന്നപോലെ വ്യക്തമായി കാണുവാനും ആരംഭിച്ചു.  ഇത് മൂന്നുദിവസങ്ങൾ തുടർച്ചയായി ഉണ്ടായി. 

 

അങ്ങിനെ, 2009 ഡിസംബർ 12 ന് ആൻസൺ പൂർണമായി ദൈവത്തിനു കീഴടങ്ങി,  ക്രിസ്തുയേശുവിനെ തന്റെ രക്ഷകനും കർത്താവുമായി സ്വീകരിച്ചു. തന്റെ ശിഷ്ട ആയുസ്സു മുഴുവൻ   യേശുവിനായി ജീവിക്കാൻ തീരുമാനിച്ച അദ്ദേഹം 2010 ജനുവരി 10 ന് ഇന്ത്യയിലേക്ക് മടങ്ങി. 

 

പുല്ലാട്,   ഖാദോഷ് ക്രിസ്ത്യൻ ചർച്ചിൽ  ചേർന്നു ദൈവവചന പഠനം ആരംഭിച്ചു. 2010 സെപ്റ്റംബർ 14 ന് അപരിചിതനായ ഒരു  ദൈവപുരുഷന്റെ പ്രവചനപരമായ ഇടപെടലിന് മറുപടിയായി  ആൻസൺ, 2010 സെപ്റ്റംബർ 21 ന് പ്രഭാതത്തിൽ 05:00 ന് പമ്പ നദിയിൽ, പാസ്റ്റർ CJ ജോൺസന്റെ കൈക്കീഴിൽ,   പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ   സ്നാനമേറ്റു.

 

തുടർന്ന്, അത്ഭുതകരമായ ഒരു ദൈവീക ഇടപിടലിൽ, 2011 മാർച്ച് 06-ന്   ഭാര്യ ആഷയും മകൾ  ആലീസും വെള്ളത്തിൽ സ്നാനമേറ്റു തന്റെ കൂടെ സുവിശേഷ വേലയ്ക്കായി  ചേർന്നു. 

 

2013 ജൂലൈ 19 ന്, വൈകുന്നേരം 05:55 ന്, അൻസൺ പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ, യേശുവിന്റെ ശബ്ദം വീണ്ടും കേൾക്കുവാൻ തുടങ്ങി. കർത്താവിന്റെ വേലയിൽ, തന്റെ ഭാവി പദ്ധതികളേക്കുറിച്ചും, അതേപോലെ, പത്തനംതിട്ട ജില്ലയിൽ സുവിശേഷ പ്രചരണം ആരംഭിക്കുവാനും തുടർന്ന് കേരളത്തിൽ സുവിശേഷം അറിയിക്കുവാനും അരുളപ്പാട്  ലഭിച്ചു.

 

 തുടർന്ന് അദ്ദേഹം ഒരു ലഘുലേഖ എഴുതി അച്ചടിച്ച് പത്തനംതിട്ട ജില്ലയിലും പരിസരത്തും വിതരണം ചെയ്യുവാൻ  ആരംഭിച്ചു. 

 

2013 ജൂലൈ 27 ന്, ഒരു വിദൂര സ്ഥലത്ത്  ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുമ്പോൾ, ദൈവവചനം ശുശ്രൂഷിച്ചുകൊണ്ടിരുന്ന  ദൈവദാസൻ  ഇപ്രകാരം ഒരു പ്രവചന ദൂത്  വിളിച്ചു പറഞ്ഞു. "'ഗൾഫിൽ ആയിരുന്ന ഒരു സഹോദരൻ,  ഇപ്പോൾ ഇവിടെയുണ്ട്. ദൈവത്തിൽ നിന്നുള്ള  സന്ദേശം കേൾക്കുക. എന്റെ ആവശ്യത്തിനായി ഞാൻ നിന്നെ  വിദേശത്തു  നിന്ന് തിരികെ കൊണ്ടുവന്ന് എന്റെ ശുശ്രൂഷയിൽ നിന്നെ പരിശീലിപ്പിച്ചു.  ഇനി; നീ എവിടെനിന്നു നാട്ടിലേക്കു വന്നുവോ, അതെ  സ്ഥലത്തേക്ക് ഞാൻ നിന്നെ  മടക്കി അയയ്ക്കാൻ പോകുന്നു. നിന്റെ വേലയ്ക്കായ് അല്ല, മറിച്ച്  എന്റെ വേലയ്ക്കായി.”

ആ ദൈവദാസൻ കൃത്യമായ ചില വിവരങ്ങൾ കൂടെ വിളിച്ചു പറഞ്ഞു. അദ്ദേഹം വിവരിച്ചതുപോലെ അവിടെ ഉണ്ടായിരുന്ന ഒരേയൊരു വ്യക്തി താൻ ആയിരുന്നതിനാൽ  അൻസൺ ആ ദൂത് ഏറ്റെടുത്തു.

 

തുടർന്നുള്ള   ശനിയാഴ്ച, വീട്ടിൽ ഒരു ഉപവാസ പ്രാർത്ഥനയ്ക്കിടെ, ആൻസണും ഭാര്യ ആഷയും ഒരേ സമയം   ദൈവത്തിന്റെ ശബ്ദം കേട്ടു, “ഏലിം” എന്ന നാമമുള്ള  ഒരു സഭയിൽ ചേർന്നു പ്രവർത്തിക്കുവാൻ ആവശ്യപ്പെട്ടു. വീണ്ടും  ഒരു അത്ഭുത ഇടപിടലിലൂടെ 2013 ഓഗസ്റ്റ് 30 ന് കുമ്പനാട്  IPC ഏലീം  സഭയിൽ  കുടുംബമായി ചേർന്നു.

 

 

2013 ഡിസംബറിൽ ആൻസന്റെ  ഒരു സുഹൃത്ത്,  അദ്ദേഹത്തെ അബുദാബിയിലെ എത്തിഹാദ് എയർവേസിൽ താൽകാലികമായി ചേരുവാൻ  ക്ഷണിച്ചു.  2014 ജനുവരി 04 ന്‌ അബുധാബിയിൽ തിരികെ എത്തിയ ആൻസൺ,   ദൈവശാസ്ത്ര  പഠനത്തിനായി ഷാർ‌ജയിലെ ഗിൽ‌ഗാൽ‌ ബൈബിൾ‌ സെമിനാരിയിൽ‌ പ്രവേശനം നേടി. താമസിയാതെ, തന്റെ  കുടുംബവും  അദ്ദേഹത്തോടൊപ്പം ചേർന്നു,  ദൈവശാസ്ത്ര പഠനത്തോടൊപ്പം  ജോലിയും  ചെയ്തു അബുദാബിയിൽ തുടരാൻ അവർ തീരുമാനിച്ചു. 

 

 

 2017 നവംബർ 30 ന്  ആൻസൺ  പഠനം പൂർത്തിയാക്കി, ബിരുദം നേടി. അതേസമയം, അമേരിക്കയിലെ മിഷിഗനിലെ ക്രിസ്ത്യൻ ലീഡേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചുകൊണ്ടിരുന്നു.

 

 

2016 ൽ   ഡീക്കൺ മിനിസ്റ്റർ ആയും  തുടർന്ന് ഒഫിഷ്യന്റ്  മിനിസ്റ്റർ ആയും  ഓർഡിനേഷൻ ലഭിച്ചു. കമ്മീഷൻഡ് പാസ്റ്റർ സർട്ടിഫിക്കറ്റും അദ്ദേഹത്തിന് ലഭിച്ചു.  യൂ ഏ യിലെ ക്രിസ്ത്യൻ ലീഡേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ    ഉപദേഷ്ടാവായും ശുശ്രൂഷകനായും  അദ്ദേഹം  2017ഇൽ  നിയമിക്കപ്പെട്ടു. 

 

 

2018 ഫെബ്രുവരി 06, ബുധനാഴ്ച രാവിലെ 10 മണിയോടെ, “ഹൃദയത്തിൽ മുറിവേറ്റവരെ” ശുശ്രൂഷിക്കുന്നതിനായി  “ബേഥാന്യ  ഗോസ്പൽ മിനിസ്ട്രി ” എന്ന പേരിൽ ഒരു ശുശ്രൂഷ ആരംഭിക്കാൻ യേശുവിന്റെ ശബ്ദം കേട്ടു.  മർക്കോസ്  11 ആം  അധ്യായം തുറന്നു വായിക്കുവാനും നിർദ്ദേശം ഉണ്ടായി.  വൈകുന്നേരം അദ്ദേഹം സഭാ പാസ്റ്ററുമായി  ഇക്കാര്യം ചർച്ച ചെയ്തു.

 

 

2018 ഫെബ്രുവരി 08 വ്യാഴാഴ്ച വൈകുന്നേരം സഭായോഗത്തിനിടെ ഒരു സന്ദർശക ദൈവദാസൻ (പാസ്റ്റർ  സാം ഏഴംകുളം,   നസ്രെത്ത് ഗോസ്പൽ മിനിസ്ട്രി)  ദൈവവചനം ശുശ്രൂഷിച്ചു. പാസ്റ്റർ  വചന ശുശ്രൂഷ ആരംഭിച്ചത്  മർക്കോസ്  11 ആം അധ്യായം  തുറക്കാൻ സഭയോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു.  തുടർന്ന് അദ്ദേഹം "ബേഥാന്യ" യെക്കുറിച്ചു പ്രസംഗിക്കുവാൻ ആരംഭിച്ചു.  മിനിസ്ട്രി  ആരംഭിക്കുന്നതിനുള്ള വ്യക്തമായ സന്ദേശമായിരുന്നു അത്. അൻസൺ തന്റെ സെമിനാരി സഹപാഠികളിൽ ഒരാളായ പാസ്റ്റർ ജേക്കബ് ഫിലിപ്പുമായി കാര്യം ചർച്ച ചെയ്തപ്പോൾ അദ്ദേഹം കുടുംബമായി ആദ്യ മീറ്റിംഗിൽ പങ്കെടുക്കാൻ സമ്മതം അറിയിച്ചു.

 

 

 

അങ്ങിനെ,  രണ്ട് കുടുംബങ്ങളിലെ  എട്ട്  അംഗങ്ങളുമായി  2018 ഫെബ്രുവരി 09 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബേഥാന്യ ഗോസ്പൽ മിനിസ്ട്രി  ഉദ്ഘാടനം ചെയ്യപ്പെട്ടു.

 

 

 

gallery/sun rise